+

തേങ്ങ വെട്ടിയതിനെ ചൊല്ലി തർക്കം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

തേങ്ങ വെട്ടിയതിനെ ചൊല്ലി തർക്കം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോഴിക്കോട്  :തേങ്ങ വെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. ബന്ധുവാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോബിഷ് വെട്ടിയത്. സംഘർഷത്തിൽ പ്രതി ജോബിഷിനും പരുക്കുണ്ട്. ജോണിക്കൊപ്പം ഭാര്യാ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വെട്ടിയതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബിഷിൻറെ കൂടെയാണ് താമസിച്ച് വരുന്നത്.

ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വെട്ടിയിട്ട തേങ്ങ ജോണി ഒരുതവണ കൊണ്ടുപോയിരുന്നു. ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോബിഷുമായി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും. ജോണിയെ ആക്രമിക്കുന്നത് തടയാൻ വന്നപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത്.

ആക്രമണത്തിൽ തലക്കുൾപ്പടെ ഗുരുതര പരുക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിലാണ് നിലവിൽ ഉള്ളത്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതി ജോബിഷും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റുള്ളവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

facebook twitter