
ദില്ലി: കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്ലാൻ പ്രഖ്യാപിച്ച് പൊതുമേഖല ടെലികോം ഓപ്പറേറ്റർമാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ. വെറും ഒരു രൂപയ്ക്ക് സിം കാർഡ് എടുത്താൽ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും നൽകുന്ന ആസാദി കാ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് കമ്പനിയുടെ 4ജി വിന്യാസം അവസാന ഘട്ടത്തോട് അടുത്തിരിക്കെയാണ് ബിഎസ്എൻഎൽ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ആസാദി കാ പ്ലാൻ’ പ്രകാരം പുതിയ സിം എടുത്താൽ 30 ദിവസം വാലിഡിറ്റിയിൽ ദിനംപ്രതി 2 ജിബി വീതം ഡാറ്റ ആസ്വദിക്കാം. അൺലിമിറ്റഡ് വോയിസ് കോളും ആനുകൂല്യങ്ങളുടെ പട്ടികയിലുണ്ട്. ദിവസവും 100 വീതം സൗജന്യ എസ്‌എംഎസ് ബിഎസ്എൻഎൽ നൽകുന്നതിന് പുറമെയാണിത്. 2025 ഓഗസ്റ്റ് 1 മുതൽ 31 വരെയായിരിക്കും ഈ ഓഫർ ലഭിക്കുക. സിം കാർഡും ഓഫറും സ്വന്തമാക്കാൻ തൊട്ടടുത്ത ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെൻററോ റീടെയ്‌ലർമാരായോ സമീപിക്കുക. പുതിയ സിം വരിക്കാർക്ക് മാത്രമേ ഈ അതിശയകരമായ ഓഫർ ലഭ്യമാകൂവെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
ഇതിനൊപ്പം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ എളുപ്പം അപ്‌ഗ്രേഡ് ചെയ്യാനുള്ള വഴി ബിഎസ്എൻഎൽ ലളിതമാക്കിയിട്ടുമുണ്ട്. ഇതിനായി ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച്, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിലേക്ക് രജിസ്ട്രേഡ് നമ്പറിൽ നിന്നൊരു വാട്സ്ആപ്പ് സന്ദേശം അയച്ചാൽ മതി.