+

പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമം ; കൊച്ചിയില്‍ ദമ്പതികള്‍ അറസ്റ്റില്‍

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്‍ഫോപാര്‍ക്കിലെ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ശ്വേത ബാബു.

പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. 
വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകള്‍ പുറത്തു വിടുമെന്നും ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞു പരത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു. പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 10 കോടി രൂപയുടെ 2 ചെക്കുകളും പിടിച്ചെടുത്തു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്‍ഫോപാര്‍ക്കിലെ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ശ്വേത ബാബു. ഭര്‍ത്താവ് കൃഷ്ണരാജ് ഇന്‍ഫോപാര്‍ക്കില്‍ റെസ്റ്റോറന്റ് നടത്തുകയായിരുന്നു. ഓഫീസില്‍ പല ക്രമക്കേടുകളും കണ്ടെത്തിയതിന് പിന്നാലെ ശ്വേത ജോലി രാജിവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തിലെ രണ്ട് ഡയറക്ടര്‍മാരെയും രണ്ട് ജീവനക്കാരെയും ഇവര്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. എംജി റോഡിലെ ഹോട്ടലിലെത്തിയ ഇവരോട് സ്ഥാപനമുടമയും താനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും ഇത് പുറത്തുപറയുമെന്നും ശ്വേത ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
വിവരം പുറത്തുപറയാതിരിക്കാന്‍ വ്യവസായി 30 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട ശ്വേത, മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കണമെന്നും നിബന്ധന വെച്ചു. പത്ത് കോടി രൂപ കൃഷ്ണരാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ബാക്കി തുക രണ്ട് ചെക്കുകളായി നല്‍കാനും ശ്വേത ആവശ്യപ്പെട്ടു. കമ്പനി ഡയറക്ടറില്‍ നിന്ന് ശ്വേത രണ്ട് ചെക്കുകള്‍ എഴുതി വാങ്ങി. ഇതിന് പിന്നാലെ സ്ഥാപനമുടമ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നാണ് പ്രതികള്‍ പിടിയിലായത്. കൃഷ്ണരാജിനെതിരെ നേരത്തെയും കേസുകളുണ്ട്.

facebook twitter