യുവാവിനുനേരെ വധശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ അറസ്റ്റില്‍

02:30 PM Oct 23, 2025 | AVANI MV


തൃശൂര്‍: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ പിടിയില്‍. മന്ദലാംകുന്ന് പുതുപാറക്കല്‍ വീട്ടില്‍ ഹുസൈന്‍ (48), മന്ദലാംകുന്ന് തേച്ചന്‍പുരക്കല്‍ വീട്ടില്‍ ഉമ്മര്‍ (44) എന്നിവരെയാണ് വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ. എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് .കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് രാത്രിയാണ് മന്ദലാംകുന്ന് സെന്ററിലുള്ള ലങ്ക കഫേയ്ക്ക് സമീപം എടയൂര്‍ സ്വദേശി സവാദിന് കുത്തേറ്റത്. മുന്‍പൊരിക്കല്‍ വിവാഹ വീട്ടില്‍വച്ച് പ്രതികള്‍ വഴക്കുണ്ടാക്കിയത് സംബന്ധിച്ച തര്‍ക്കം സവാദ് ഇടപ്പെട്ട് ഒഴിവാക്കിയ വിരോധമാണ് ആക്രമണത്തിന് കാരണം.

തുടര്‍ന്ന് കേസിലെ മൂന്ന് പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. ഈ കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായ ഹുസൈനും ഉമ്മറും. കേസിലെ രണ്ടാം പ്രതി മജീദ് വിദേശത്തേക്ക് ഒളിവില്‍ പോയിരുന്നു. മജീദിനെ വിദേശത്ത് കടത്താന്‍ സഹായിച്ച സംഭവത്തില്‍ അണ്ടത്തോട് ബീച്ച് കൊപ്പര വീട്ടില്‍ മുജീബിനെ നേരത്തെ നാലാം പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹുസൈന്‍, ഉമ്മര്‍ എന്നിവര്‍ വയനാട് ഒളിവില്‍ കഴിയുന്ന വിവരത്തെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് എസ്.ഐ. ഗോപിനാഥന്‍, എ.എസ്.ഐ. രാജന്‍, സി.പി.ഒ. പ്രദീപ്, രഞ്ജിത്ത്,  ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിലെ സി.പി.ഒ. റെജിന്‍, കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.