+

ഭര്‍ത്താവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; സെര്‍ച്ച് ഹിസ്റ്ററി തെളിവായി , യുവതി കുടുങ്ങി

തെളിവുകള്‍ മുന്‍നിര്‍ത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. 32കാരനായ യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ 29കാരി ഫര്‍സാന ഖാനെയാണ് പൊലീസ് കുടുക്കിയത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്.

ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്നാണ് യുവതി, ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ചൂതുകളിയിലൂടെ വലിയ ബാധ്യത ഇയാള്‍ വരുത്തിവച്ചിരുന്നുവെന്നും ലൈംഗികമായി തന്നെ തൃപ്തിപ്പെടുത്താന്‍ ഭര്‍ത്താവിന് കഴിഞ്ഞിരുന്നില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല ഭര്‍ത്താവിന്റെ കസിനുമായി യുവതി പ്രണയത്തിലാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ഷാഹിദിനെ മരിച്ച നിലയില്‍ ഇയാളുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചത്. കടങ്ങള്‍ മൂലം ആത്മഹത്യ ചെയ്തെന്നായിരുന്നു ഫര്‍സാന പറഞ്ഞത്. എന്നാല്‍ ഷാഹിദിന്റെ ശരീരത്തിലെ കുത്തേറ്റ മൂന്ന് മുറിവുകള്‍ ശ്രദ്ധിച്ച പൊലീസിന് സംശയം തോന്നി. ഷാഹിദ് സ്വയം കുത്തിമരിച്ചെന്നാണ് ഫര്‍സാന ആവര്‍ത്തിച്ചത്. പക്ഷേ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചു. കുത്തേറ്റപ്പോള്‍ ഉണ്ടായ ഒരു മുറിവാണ് മരണകാരണമെന്നും ഇത് ഷാഹിദ് സ്വയം ഏല്‍പ്പിച്ചതല്ലെന്നും ഡോക്ടര്‍മാര്‍ പൊലീസില്‍ അറിയിച്ചു. ഇതോടെ പൊലീസ് ഫര്‍സാനയുടെ ഫോണ്‍ പരിശോധിച്ചു.

പിന്നാലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ കൊല്ലുന്നതിനെ കുറിച്ചും സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാമെന്നതടക്കം സെര്‍ച്ച് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തെളിവുകള്‍ മുന്‍നിര്‍ത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

facebook twitter