+

എവിടെയും സംഭവിക്കാൻ സാധ്യതയില്ലാത്ത കഥ,ഞെട്ടിച്ച് ശ്രീനാഥ് ഭാസി; ആസാദി റിവ്യു

ശ്രീനാഥ് ഭാസി നായകനായെത്തിയ  ചിത്രമാണ് ആസാദി .സിനിമ ആദ്യാവസാനം വരെ മുന്നോട്ട് കൊണ്ട് പോകുന്നത് ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച രഘു എന്ന കഥാപാത്രമാണ്. എവിടെയും സംഭവിക്കാൻ സാധ്യതയില്ലാത്ത കഥയെ വളരെ സിനിമാറ്റിക്കായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.  

ശ്രീനാഥ് ഭാസി നായകനായെത്തിയ  ചിത്രമാണ് ആസാദി .സിനിമ ആദ്യാവസാനം വരെ മുന്നോട്ട് കൊണ്ട് പോകുന്നത് ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച രഘു എന്ന കഥാപാത്രമാണ്. എവിടെയും സംഭവിക്കാൻ സാധ്യതയില്ലാത്ത കഥയെ വളരെ സിനിമാറ്റിക്കായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.  

ടൈറ്റിലിൽ പറയുന്നത് പോലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത 'ആസാദി'. വൺ നൈറ്റ്, വൺ ബർത്ത്, വൺ മിഷൻ ഇതാണ് ആസാദിയുടെ ആകെത്തുക. സിനിമ ആദ്യാവസാനം വരെ മുന്നോട്ട് കൊണ്ട് പോകുന്നത് ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച രഘു എന്ന കഥാപാത്രമാണ്. എവിടെയും സംഭവിക്കാൻ സാധ്യതയില്ലാത്ത കഥയെ വളരെ സിനിമാറ്റിക്കായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്.  

'ആസാദി' കൈചൂണ്ടുന്നത് നമ്മുടെ സിസ്റ്റത്തിന് നേരെയാണ്. കഥാന്ത്യം കെട്ടുപാടുകൾ പൊട്ടിച്ചെറിയുന്ന സ്വാതന്ത്ര്യം മാത്രമാണ്. കാണുന്ന പ്രേക്ഷകന് തെറ്റും ശരിയും നിർണയിക്കാനുള്ള അവകാശം കൂടെ സംവിധായകനും ആസാദി ടീമും നൽകുന്നുണ്ട്. പ്രിസൺ ബ്രേക്കിങ് ത്രില്ലറുകൾ ഇതിന് മുൻപും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പുതിയ കാലത്തിന്റെ സിനിമ പുതുമകളോടെ, സാങ്കേതിക മികവോടെ തിയറ്ററിലെത്തുന്നത്. 

ജയിലിൽ കഴിയുന്ന ഗംഗ എന്ന മകൾക്ക് വേണ്ടി ശിവൻ എന്ന അച്ഛനും രഘു എന്ന ഭർത്താവും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ആസാദി. ഏതൊരു സിനിമയുടെയും ആത്മാവ്‌ കഥയാണ്. ആത്മാവ് ചോരാത്ത കഥ തന്നെയാണ് ആസാദിയെ മികച്ചതാക്കി നിർത്തുന്നത്. എന്നാൽ, അതിൽ മികച്ച അവതരണവും ഒപ്പം അഭിനയിക്കാൻ പറയുമ്പോൾ ജീവിക്കുന്ന തരത്തിലുള്ള അഭിനേതാക്കൾ കൂടെ ഒത്തുകൂടിയപ്പോൾ 'ആസാദി' യെ മികച്ച ഗണത്തിലേക്ക് മാറ്റിനിർത്താവുന്ന ഒരു സിനിമയാക്കി മാറ്റി. സിനിമയിൽ വന്നു പോകുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ പ്രേക്ഷകന് ഒന്ന് ഊഹിക്കാൻ പോലും സമയം കൊടുക്കാതെയാണ് ടീം ചിട്ടപ്പെടുത്തി എടുത്തിരിക്കുന്നത്. 

ആദ്യ മിനിറ്റുകളിൽ ഫാമിലി ഡ്രാമയായി തുടങ്ങുന്ന സിനിമ പ്രശംസനിയമായ വരുൺ ഉണ്ണിയുടെ മ്യൂസിക്കിന്റെയും ബാക്ക് ഗ്രൗണ്ട് സ്കോറിന്റെയും അകമ്പടിയോടെ സിനിമയിലേക്ക് ഇറങ്ങി ചെല്ലാൻ പ്രേരിപ്പിക്കുന്നുണ്ട്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയം യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാൻ യാതൊരുവിധ സാധ്യതകളും ഇല്ലായിരുന്നിട്ടും യാതൊരുവിധ പിഴവുകളുമില്ലാതെ 'ആസാദി'യിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജാണ് കഥാ പരിസരം. 

ശ്രീനാഥ്‌ ഭാസിയ്‌ക്കൊപ്പം എത്തുന്ന ശിവൻ, പഴയ പാർട്ടി ഗുണ്ടയായി ലാൽ എത്തുമ്പോൾ, മാസ് കാണിക്കുന്നിടങ്ങളിലെല്ലാം സ്കോർ ചെയ്തു കൈയ്യടി നേടുമ്പോൾ, അപ്പുറത്ത് അയാളിലെ അച്ഛനെയും തുറന്നു കാണിക്കുന്നുണ്ട്. പൊലീസ് ഓഫീസറായി വരുന്ന വാണി വിശ്വനാഥ്‌ സ്‌ക്രീനിലെത്തുമ്പോൾ തന്നെ കൈയ്യടിയായിരുന്നു. മലയാളത്തിൽ ഇത്രയും മാസ്സ് കാണിക്കാൻ കഴിയുന്ന മറ്റൊരു അഭിനേത്രി ഇല്ലെന്ന് തന്നെ നമുക്ക് പറയാം. വാണി വിശ്വനാഥ്‌ അവതരിപ്പിച്ച പൊലീസ് വേഷവും രഘുവും തമ്മിൽ നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പിന് സമമാവുകയായിരുന്നു. 

ടി ജി രവി അവതരിപ്പിച്ച അഡ്വേക്കേറ്റ് വേഷവും എടുത്തു പറയേണ്ടിയിരിക്കുന്നു. ഇതുവരെ അദ്ദേഹം ചെയ്തതിൽ തിയേറ്ററിൽ ഗൂസ്ബൂംസ് ഉണ്ടാക്കിയ വേഷമായിരിക്കും മേനോൻ വക്കീൽ. ഗംഗ എന്ന കേന്ദ്ര കഥാപാത്രത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ രവീണയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാകതയുള്ള അഭിനയ മികവിന് കൈയടി അർഹിക്കുന്നുണ്ട്. സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങി വലിയ താരനിരയുടെ മികച്ച പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 

'ആസാദി'യിൽ തുടക്കം മുതൽ ഭൂരിഭാഗവും ക്ലോസ് ഷോട്ടുകളാണ്. അത് ഓരോ കഥാപാത്രങ്ങളെ ആഴത്തിൽ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്. സനീഷ് സ്റ്റാൻലിയുടെ കാമറ മികവ്  'ആസാദി'യെ കൂടുതൽ എൻഗേജിങ്ങായി പ്രേക്ഷകനെ പിടിച്ചിരുത്തി എന്ന് തന്നെ പറയാം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ  ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിച്ചത്.
 

facebook twitter