+

കണ്ണൂർ ആറളത്തെ ആനമതിൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു, കരാറുകാരനെ ഒഴിവാക്കാൻ തീരുമാനം

ഏപ്രിൽ 30നുള്ളിൽ  ആറു കിലോമീറ്റർ ആന മതിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന വനം വകുപ്പിന്റെയും നിരീക്ഷണ സമിതിയുടെയും നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്ന് ഇതിന്റെ കരാറുകാരനെ ഒഴിവാക്കാൻ പൊതുമാരാമത്ത്

കണ്ണൂർ/ ഇരിട്ടി: ഏപ്രിൽ 30നുള്ളിൽ  ആറു കിലോമീറ്റർ ആന മതിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന വനം വകുപ്പിന്റെയും നിരീക്ഷണ സമിതിയുടെയും നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്ന് ഇതിന്റെ കരാറുകാരനെ ഒഴിവാക്കാൻ പൊതുമാരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം നടപടി തുടങ്ങി. സണ്ണിജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന നിരീക്ഷണ സമിതി യോഗം മതിൽ നിർമ്മാണത്തിലെ പുരോഗതിയും ഫാമിലെ ആനതുരത്തലും സുരക്ഷാ നടപടികളും വിലയിരുത്തി. ആറുകിലോമീറ്റർ മതിലിൽ മൂന്നര കിലോമീറ്റർ മാത്രമാണ് ഇതുവരെ  പൂർത്തിയാക്കാൻ കഴിഞ്ഞത്. 

ആറളം വളയം ചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ പത്തര കിലോമീറ്ററാണ് മതിൽ നിർമ്മിക്കേണ്ടത്. 33 കോടിയുടെ നിർമ്മാണ പ്രവർത്തി തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിവാസി ദമ്പതികൾ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഉണ്ടായ രോഷത്തിനിടയിലാണ് മതിൽ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനും നിർമ്മാണം വിലയിരുത്തുന്നതിന് എംഎൽഎ, മരാമത്ത്, വനം എന്നിവയിലെ ഉന്നത ഉദ്ദ്യോഗസ്ഥർ തദ്ദേശ സ്ഥപന അധ്യക്ഷൻമാർ എന്നിവരടങ്ങിയ നിരീക്ഷണ സമിതിക്ക്  രൂപം നൽകിയത്. എല്ലാ മാസവും സമിതി യോഗം ചേർന്ന്  മതിലിന്റെ നിർമ്മാണവും ആനതുരത്തൽ ഉൾപ്പെടെയുള്ള നടപടികളും വിലയിരുത്തിയിരുന്നു. നിർമ്മാണം വൈകുന്നത് കരാറുകാരന്റെ അനാസ്ഥയാണെന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് നടപടി.

ആറളത്തെ ജനവാസ മേഖലയിൽ കാട്ടനകൾ താവളമാക്കാതിരിക്കാൻ കാട് വെട്ടും  കാട്ടാന തുരത്തലും തുടരാൻ നിരീക്ഷണ സമതി യോഗം തീരുമാനിച്ചു. കരാറുകാരനെ ഒഴിവാക്കുമ്പോൾ നിർമ്മാണം വൈകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ആനതുരത്തിൽ തൂടരാനും തുരത്തിയ ആനകൾ വീണ്ടും പുനരധിവാസ മേഖലയിലേക്കും ആറളം ഫാമിലേക്കും തിരികെ പ്രവേശിക്കുന്നതിനാൽ ജാഗ്രത തുടരണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. ആനമതിൽ പൂർത്തിയാകാത്ത  ഭാഗങ്ങളിൽ സോളാൻഫെൻസിംങ്ങ് ഫലപ്രദമാകുന്നില്ലെന്ന അഭിപ്രായവും ഉയർന്നു.

വനങ്ങൾ വളർന്നു നില്ക്കുന്ന മേഖലയായതിനാൽ ആന മരം മറിച്ചിട്ട്  വേലിക്ക് മുകളിലേക്ക് ഇടാനുള്ള സാധ്യത ഏറെയാണെന്ന വനം വകുപ്പ് അധികൃതർ പറഞ്ഞു. സോളാർ വേലികളുടെ പരിപാലനം ആദിവാസി പുരധിവാസ മിഷനെ ഏൽപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കിയതായി വനം വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ച നിർമ്മിക്കേണ്ട സോളർ വേലിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ യോഗത്തെ അറിയിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീവ്, ആറളം ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

facebook twitter