‘ബാഹുബലി: ദി എപ്പിക്ക്’ ട്രെയിലർ പുറത്ത്

06:23 PM Oct 25, 2025 | Neha Nair

ഇന്ത്യൻ സിനിമയ്ക്ക് വലിയ ദൃശ്യവിസ്മയം സമ്മാനിച്ച ‘ബാഹുബലി’ ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുന്നു. ആദ്യഭാഗം പുറത്തിറങ്ങി പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റീ റിലീസ്. ‘ബാഹുബലി: ദി എപ്പിക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിൽ എത്തും.

ഇതോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2 മിനിറ്റ് 30 സെക്കൻ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ സിനിമയിലെ പ്രധാന രംഗങ്ങളും ഡയലോഗുകളും കോർത്തിണക്കിയിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘ബാഹുബലി: ദി ബിഗിനിംങ്’, 2017-ൽ പുറത്തിറങ്ങിയ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ എന്നീ ഭാഗങ്ങൾ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.

അതേസമയം 4K ദൃശ്യമികവിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. സെഞ്ചുറി കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ നിർമ്മാണ – വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് ‘ബാഹുബലി: ദി എപ്പിക്’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.