
വാട്ടര്‍ തീം പാര്‍ക്കിലെ റൈഡില്‍ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം. ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡില്‍ കയറിയ യുവാവിന്റെ കയ്യില്‍ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് സംഭവം. ജര്‍മനിയില്‍ നിന്നുള്ള യുവാവും മകളുമാണ് അപകടത്തില്‍പ്പെട്ടത്.
റൈഡിന് താഴെ ഭാഗത്തുള്ള കോണ്‍ക്രീറ്റ് തറയില്‍ തലയടിച്ച് വീണ ഒന്നര വയസുകാരിക്ക് തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. വാട്ടര്‍ തീം പാര്‍ക്കിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു, കുട്ടിയെ കയ്യില്‍ വച്ചായിരുന്നു അച്ഛന്‍ വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകളില്‍ കയറിയത്.
കുട്ടി താഴേയ്ക്ക് പിടിവിട്ട് പോയതിന് പിന്നാലെ മകളെ സഹായിക്കാന്‍ ആവശ്യപ്പെട്ട് നിലവിളിക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിജേകയിലെ ആശുപത്രിയില്‍ വച്ചാണ് ഒന്നരവയസുകാരി മരിച്ചത്. റൈഡില്‍ വച്ചുണ്ടാകുന്ന ആദ്യത്തെ അപകടമാണ് ഇതെന്നാണ് പാര്‍ക്ക് അധികൃതര്‍ വിശദമാക്കുന്നത്.