
തിരുവല്ല : ഒന്നര മാസക്കാലത്തിനിടെ നാലാമത്തെ വെള്ളപ്പൊക്ക ദുരിതം പേറുകയാണ് കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വരമ്പിനകത്തുമാലി നിവാസികൾ. കിഴക്കൻ മേഖലയിൽ മഴ ശക്തമാകുന്നതോടെ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ ആകെ വിഴുങ്ങും. രണ്ടുദിവസം കനത്ത മഴപെയ്താൽ പിന്നെ പ്രദേശവാസികളുടെ ജീവിതം വെള്ളത്തിൽ തന്നെ. ഗ്രാമീണ വഴികളും വീടുകളിലേക്കുള്ള ചെറു റോഡുകളും വെള്ളത്തിൽ മുങ്ങും.
വീടുകൾക്കുള്ളിലും വെള്ളം കയറും. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ വെള്ളം തന്നെ ആശ്രയം. കിണറുകളും മുങ്ങുന്നതോടെ കുടിവെള്ളത്തിനായും നെട്ടോട്ടമോടേണ്ട അവസ്ഥ. വിഷപ്പാമ്പുകൾ അടക്കമുള്ള ജീവികളുടെ ശല്യം വേറെയും. പതിറ്റാണ്ടുകളായി പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ ചിലത് മാത്രമാണ് ഇത്. മണിമലയാറ്റിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്.
70 ഓളം കുടുംബങ്ങളാണ് വെള്ളപ്പൊക്കം മൂലം ഇവിടെ നിത്യ ദുരിതം അനുഭവിക്കുന്നത്. വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങി കാർഷിക വിളകളുടെ നാശവും പതിവാണ്. പ്രദേശത്തുകൂടി ഒഴുകുന്ന നദികളിൽ മണൽ അടിഞ്ഞ് ആഴം കുറഞ്ഞതും അനുബന്ധ തോടുകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചത് ആണ് വെള്ളപ്പൊക്കങ്ങൾ പതിവാകാൻ പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.