ബെംഗളൂരു: രാജ്യത്തെ വമ്പൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിലാണ് ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. മിഡിൽ, സീനിയർ മാനേജ്മെന്റ് തലത്തിലുള്ള 12,200 പേർക്ക് ജോലി നഷ്ടമാകുമെന്നാണു സൂചന.
ടിസിഎസിന് ഏകദേശം 6,13,000 ജീവനക്കാരാണുള്ളത്. വിവിധ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ അഥവാ നിർമിത ബുദ്ധി) സാങ്കേതിക വിദ്യയെ വിന്യസിക്കുന്നതിനാലാണു പുതിയ നടപടിയെന്ന് സൂചനയുണ്ട്. ആഗോള തലത്തിൽ ഐടി കമ്പനികൾ ജീവനക്കാരെ കുറയ്ക്കുന്ന പ്രവണത നിലവിലുണ്ട്.
കമ്പനിയുടെ സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കും തൊഴിൽ പുനക്രമീകരണം നടപ്പിലാക്കുകയെന്നു ടിസിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഐടി രംഗത്ത് ഭാവി സുനിശ്ചിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞു.
നിർമിത ബുദ്ധിയുടെ കടന്നു വരവാണു ജോലി വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയതെന്ന വാർത്തകൾ ടിസിഎസ് അധികൃതർ നിഷേധിച്ചു. ഐടി മേഖലയിൽ പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാകേണ്ടതുണ്ടെന്നും ടിസിഎസ് സിഇഒ കെ.കൃതിവാസൻ ദേശീയമാധ്യമങ്ങളോടു പറഞ്ഞു.