വൈകീട്ട് കുളിക്കാതെ രാവിലെ കുളിക്കുന്നവരാണോ?

09:30 AM May 04, 2025 | Kavya Ramachandran
 ദിവസേന ഒരു തവണ മാത്രം കുളിക്കുന്നവും രണ്ട് തവണ കുളിക്കുന്നവരും അതിൽ കൂടുതൽ തവണ കുളിക്കുന്നവരുമുണ്ടാകും. എന്നാൽ എപ്പോഴാണ് കുളിക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് അറിയാമോ? ചില പ്രത്യേക സമയങ്ങളിൽ കുളിക്കുന്നത് മുഖക്കുരു, ചർമ്മത്തിൽ അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്.
എപ്പോൾ കുളിക്കണമെന്നത് ഓരോരുത്തരുടെയും താൽപര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാകാം. ദിവസവും രണ്ട് നേരവും കുളിക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ രാവിലെ മാത്രം കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മികച്ച ആരോഗ്യത്തിന് നിർബന്ധമായും വൈകീട്ട് കുളിച്ചിരിക്കണമെന്നും ഇവർ പറയുന്നു. രാവിലെ കുളിക്കുന്നത് നിങ്ങളെ ഉന്മേഷത്തോടെയും ഊർജ്ജത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ വൈകീട്ട് കുളിക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പ്രസ്‌ക്രിപ്ഷൻ ഡോക്ടറിലെ മെഡിക്കൽ അഡ്‌വൈസർ ഡോ. അരഗോണ ഗ്യൂസെപ്പെ പറയുന്നു.
പകൽ സമയത്ത്, നിങ്ങളുടെ ശരീരത്തിലും മുടിയിലുമെല്ലാം വായുവിലുള്ള പൊടികളും അണുക്കളും ഉൾപ്പടെ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല വിയർപ്പിലൂടെയും ഈ അണുക്കൾ ദേഹത്ത് ശേഖരിക്കപ്പെടാം. നിങ്ങൾ ഒരുദിവസം കുളിക്കാതെയാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ ഈ അണുക്കളും പൊടികളുമെല്ലാം നിങ്ങളുടെ കിടക്കയിലേക്കും പുതപ്പിലേക്കുമൊക്കെ വ്യാപിക്കും. ഇത് അലർജി, ചൊറിച്ചിൽ, വരണ്ട ചർമ്മം, മുഖക്കുരു തുടങ്ങിയ ആരോഗ്യ-ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നും ഡോ. അരഗോണ ഒരു യുകെ മാഗസിനിലെ ലേഖനത്തിൽ വിശദീകരിക്കുന്നു.
വൈകീട്ട് കുളിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന് ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. സെൻസിറ്റീവ് ചർമ്മമുള്ളവരിൽ, രാത്രിയിൽ കുളിക്കുന്നത് ചർമ്മം ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല ചെറുചൂടുവെള്ളത്തിൽ രാത്രിയിൽ കുളിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്