റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുംമുൻപേ നമുക്ക് പുഷ്പകവിമാനമുണ്ടായിരുന്നു- കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

04:01 PM Aug 27, 2025 | Kavya Ramachandran


ഭോപാല്‍: റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കും മുന്‍പേ ഇന്ത്യയ്ക്ക് പുഷ്പകവിമാനം ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. ഭോപാല്‍ ഐസറില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണെന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്റെ ആദ്യവിമാനത്തെക്കുറിച്ചുള്ള പരാമര്‍ശം.

''റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുന്‍പുതന്നെ നമുക്ക് പുഷ്പകവിമാനം ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ കൈവശമുള്ള ഡ്രോണുകളും മിസൈലുകളുമെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നമുക്കുണ്ടായിരുന്നു. ഇതെല്ലാം നമ്മള്‍ മഹാഭാരതത്തില്‍ വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികവിദ്യ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വികസിപ്പിച്ചെടുത്തതാണ്'', ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

നേരത്തേ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയും ശിവരാജ് സിങ് പുഷ്പകവിമാനത്തെക്കുറിച്ച് സമാനരീതിയിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇതേകാര്യങ്ങളാണ് ഭോപാല്‍ ഐസറില്‍ നടന്ന ചടങ്ങിലും അദ്ദേഹം ആവര്‍ത്തിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി നേതാവായ അനുരാഗ് ഠാക്കൂര്‍ ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന പ്രസ്താവന നടത്തിയത്. ദേശീയ ബഹിരാകാശദിനത്തില്‍ ഹിമാചല്‍പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.