നായ്ക്കൾ തിരയുന്നത് കണ്ട് സംശയം; ജനിച്ചയുടൻ പെൺകുഞ്ഞിനെ കുഴിച്ചുമൂടിയ ബംഗാൾ സ്വദേശി പിടിയിൽ

02:18 PM Aug 26, 2025 |



പെരുമ്പാവൂര്‍: ജനിച്ചയുടനെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി മാതാപിതാക്കള്‍ . എംസി റോഡില്‍ കാഞ്ഞിരക്കാട് പള്ളിപ്പടിക്കു സമീപം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനു പിന്നില്‍ മാലിന്യം കൂടിക്കിടക്കുന്ന ഭാഗത്താണ് തിങ്കളാഴ്ച വൈകീട്ട് മൃതദേഹം കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മുര്‍ഷിദാബാദ് സ്വദേശി മജ്റു ഷേഖി (33) നെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.


വീട്ടില്‍ നടന്ന പ്രസവത്തില്‍ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ഷീല (32) യെ ഇയാള്‍ തിങ്കളാഴ്ച രാവിലെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. യുവതി പോലീസ് നിരീക്ഷണത്തിലാണ്.

മാലിന്യം കൂടിക്കിടന്ന ഭാഗത്ത് നായ്ക്കള്‍ തിരയുന്നതു കണ്ട് സംശയം തോന്നി സമീപവാസികളായ മറുനാടന്‍ തൊഴിലാളികള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ദമ്പതിമാര്‍ക്ക് അഞ്ചും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടി വേണ്ടെന്ന തീരുമാനത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മജ്റു ഷേഖ് പോലീസിന് മൊഴി നല്‍കി.

ഞായറാഴ്ച രാത്രിയാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് യുവാവ്.

ഭാര്യ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിക്കു പോകുന്നുണ്ട്. പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ദമ്പതിമാരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.