
കണ്ണൂർ: മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതല്‍ നടപ്പാക്കില്ലെന്ന് ബെവ്കോ.തീരുമാനം 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നല്‍കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതല്‍ നടപ്പാക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി. ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിയത്. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ മദ്യത്തിന് 10-ാം തീയതി മുതല്‍ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു.
ബെവ്കോയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ 800 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യം ഗ്ലാസ് ബോട്ടിലായിരിക്കും ഇനി വില്‍ക്കുക. സെപ്റ്റംബര്‍ 10 മുതല്‍ മദ്യത്തിന് 20 രൂപ അധികം നല്‍കണം. ഇതൊരു ഡെപോസിറ്റാണ്. പ്ലാസ്റ്റിക് - ഗ്ലാസ് കുപ്പികള്‍ തിരികെ വാങ്ങിയ ഔട്ട് ലെറ്റുകളില്‍ തന്നെ നല്‍കിയാല്‍ ഈ ഡെപ്പോസിറ്റ് തിരികെ നല്‍കും.
ഡെപ്പോസിറ്റ് നല്‍കി മദ്യം വാങ്ങുന്നയാള്‍ മദ്യക്കുപ്പി തിരികെ നല്‍കിയില്ലെങ്കില്‍ സർക്കാരിനാകും ലാഭം. വാങ്ങുന്ന ആള്‍ തന്നെ കുപ്പി തിരികെ നല്‍കണമെന്നില്ല. ബെവ്കോയുടെ ഹോളോഗ്രാമുള്ള കുപ്പി ആരും ശേഖരിച്ച് ഔട്ട് ലെറ്റികൊണ്ട് കൊടുത്താലും പണം ലഭിക്കും. 900 രൂപക്ക് മുകളിലുള്ള മദ്യം ലഭിക്കുന്ന സൂപ്പർ പ്രീമിയം ഒട്ട് ലെറ്റുകളും തുടങ്ങും.മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി നശീകരണം ഉണ്ടാക്കാതിരിക്കാനാണ് തമിഴ്നാട് മോഡലില്‍ പുതിയ പരീക്ഷണം.