സംസ്ഥാനത്ത് മദ്യവിൽപ്പന ഓൺലൈനാകും. ഇതിനായി ബെവ്കോ മൊബൈൽ ആപ്പ് തയ്യാറാക്കി. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ശിപാർശ ബെവ്കോ സർക്കാരിന് കൈമാറി. ഓൺലൈൻ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉൾപ്പെടെയുള്ള 9 കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നാണ് ബെവ്കോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓൺലൈനായി ലഭ്യമാകുക. എന്നാൽ ഓൺലൈൻ മദ്യപവിൽപ്പനയ്ക്കായി സംസ്ഥാനം പാകപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമാകും സർക്കാർ ശിപാർശ അംഗീകരിക്കുക.
മദ്യംവാങ്ങുന്നയാൾക്ക് 23 വയസ് പൂർത്തിയായിരിക്കണം എന്നതാകും ഓൺലൈൻ ഡെലിവറിക്ക് ബെവ്കോ വയ്ക്കുന്ന പ്രധാന നിബന്ധന. ഇത് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതായിവരും. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ബെവ്കോയുടെ തീരുമാനം. ഓൺലൈൻ വിൽപ്പന സംബന്ധിച്ച് മൂന്നുവർഷം മുൻപും ബെവ്കോ സർക്കാരിനോട് അനുമതി തേടിയിരുന്നു. അന്ന് സർക്കാർ ഈ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.