ബർത്ത്‌ഡേ പാർട്ടിയിൽ കലഹം; ചെന്നൈയിൽ ഗുണ്ടകൾ പരസ്പരം കുത്തിക്കൊന്നു

03:48 PM May 12, 2025 | Kavya Ramachandran

ചെന്നൈ: ജന്മദിനം ആഘോഷിക്കാൻ ഒത്തു ചേർന്ന മദ്യപാന പാർട്ടിയിൽ കലഹത്തെ തുടർന്ന്  രണ്ട് ഗുണ്ടകൾ പരസ്പരം കുത്തിക്കൊന്നു. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം തുടങ്ങി വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപതിലധികം കേസുകൾ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും.

ഗോപികണ്ണൻ എന്ന വിമൽ(22) ജഗദീശൻ എന്ന ജഗൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതർക്കം തുടങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് ഇരുവരും കുത്തുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചുതന്നെ വിമൽ മരിച്ചു, ജഗൻ ആശുപത്രിയിൽവെച്ചും. വിമലിന്റെയും ജഗന്റെയും വീട്ടുകാർ തമ്മിൽ നേരത്തേ വാക്കുതർക്കം നടന്നിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറഞ്ഞു.