കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥികള്‍, 22 ലക്ഷം രൂപവരെ ശമ്പളം, പഠിച്ചവരില്‍ ഭൂരിഭാഗവും ജോലി ഉറപ്പാക്കി

11:40 AM Aug 12, 2025 | Raj C

ഹൈദരാബാദ്: ബിറ്റ്‌സ് പിലാനി (BITS Pilani) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025 ബാച്ചിന്റെ പ്ലേസ്‌മെന്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11% വര്‍ദ്ധനവ് രേഖപ്പെടുത്തി. നാല് ക്യാമ്പസുകളിലായി (പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ്) ആകെ 2,379 ഓഫറുകളാണ് ലഭിച്ചത്. ഇതോടെ 80.8% വിദ്യാര്‍ത്ഥികളും പ്ലേസ്‌മെന്റ് നേടി.

വാര്‍ഷിക ശമ്പളത്തിലും വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് ഉയരങ്ങള്‍ കടന്നു. മീഡിയന്‍ ശമ്പളം 14% വര്‍ദ്ധിച്ച് 19.4 ലക്ഷം രൂപയായി (കഴിഞ്ഞ വര്‍ഷം 17 ലക്ഷമായിരുന്നു). ശരാശരി ശമ്പളം 16% വര്‍ദ്ധിച്ച് 22 ലക്ഷം രൂപയായി. ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് (HFT) ഫേമില്‍ നിന്നുള്ള ഉയര്‍ന്ന ഓഫര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധിച്ചു.

സെമികണ്ടക്ടര്‍, ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ്, ഗ്ലോബല്‍ കപ്പാബിലിറ്റി സെന്ററുകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് പ്രധാന റിക്രൂട്ട്‌മെന്റുകള്‍. ടവര്‍ റിസര്‍ച്ച്, ഐഎംസി ട്രേഡിംഗ്, ക്വാഡ് ഐ, ആല്‍ഫഗ്രെപ് തുടങ്ങിയ കമ്പനികള്‍ സജീവമായി. സെമികണ്ടക്ടര്‍ മേഖലയില്‍ മൈക്രോണ്‍ 51 വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകള്‍ നല്‍കി. ആസ്റ്റെറ ലാബ്‌സ്, ടെന്‍സ്റ്റോറന്റ്, വാട്ഫിക്‌സ്, ധ്രുവ എയറോസ്‌പേസ്, ജാര്‍, ഡാര്‍വിന്‍ബോക്‌സ്, യൂണിഫൈആപ്പ്‌സ്, ലിസ്‌ക്രാഫ്റ്റ്, ട്രസ്റ്റ്വൈസ്, സംസാര തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, കെര്‍ണി, വെല്‍സ് ഫാര്‍ഗോ, ഗോള്‍ഡ്മാന്‍ സാക്‌സ്, ക്വാല്‍കോം തുടങ്ങിയ പ്രമുഖ കമ്പനികളും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എത്തിയിരുന്നു.

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ പ്രതിഫലനമായി സെമികണ്ടക്ടര്‍ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് വര്‍ദ്ധിച്ചു. എന്നാല്‍, 2021 മുതല്‍ അന്താരാഷ്ട്ര ഓഫറുകള്‍ 33% കുറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഹാക്കത്തോണുകള്‍, കോഡിംഗ് ചലഞ്ചുകള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.