അഗളി: പുതൂർ ആഞ്ചക്കക്കൊമ്പ് ഉൾവനത്തിൽ ആദിവാസി സ്ത്രിയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി പോലീസ് . ആഞ്ചക്കക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ യുടെ (45) മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. കൂടെത്താമസിച്ചിരുന്ന പഴനിയെ (42) പുതൂർപോലിസ് കസ്റ്റഡിയിലെടുത്തു.
വള്ളിയമ്മയെ രണ്ടുമാസമായി കാണാനില്ലെന്ന് മകൻ ഈശ്വരൻനൽകിയ പരാതിയിൽ വെള്ളിയാഴ്ച രാവിലെയാണ് പഴനിയെ പുതൂര്പോലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ വള്ളിയമ്മ കൊക്കയിൽച്ചാടി മരിച്ചെന്ന് പഴനി പോലീസിനോട് പറഞ്ഞു. തുടർന്ന്, സംഭവസ്ഥലം കണ്ടെത്തുന്നതിന് പോലീസ് പഴനിയുമായി ആഞ്ചക്കക്കൊമ്പ് ഉൾവനത്തിലേക്ക് പോയി.
എസ്.ഐ. വി. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ദുർഘടപാതയിലൂടെ നാലു മണിക്കൂറോളം യാത്രചെയ്താണ് പഴനിപറഞ്ഞ സ്ഥലത്തെത്തിയത്. അവിടെയെത്തിയപ്പോഴാണ് താൻ വള്ളിയമ്മയുടെ മൃതദേഹം കൊക്കയിൽനിന്നെടുത്ത് ഒരുസ്ഥലത്ത് കുഴിച്ചിട്ടതായി പഴനി പറഞ്ഞത്. ഈ സ്ഥലം പരിശോധിച്ച് പോലീസ് മൃതദേഹമുള്ളതായി സ്ഥിരീകരിച്ചു.പോലീസ് സർജന്റെ സാന്നിധ്യത്തിലേ മൃതദേഹം പുറത്തെടുക്കാൻ കഴിയൂ എന്നതിനാൽ ശനിയാഴ്ച രാവിലെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തും.