കുട്ടിക്കഥകള്‍ക്കും ബുക്കര്‍ സമ്മാനം വരുന്നു

09:18 AM Oct 25, 2025 |


ലണ്ടന്‍: ലോക സാഹിത്യരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരമായ ബ്രിട്ടന്റെ ബുക്കര്‍ സമ്മാനം ഇനി കുട്ടികള്‍ക്കായുള്ള രചനകള്‍ക്കും ലഭിക്കും.

എട്ടുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള രചനകള്‍ക്ക് ചില്‍ഡ്രന്‍സ് ബുക്കര്‍ പ്രൈസ് ഏര്‍പ്പെടുത്തുകയാണെന്ന് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്‍ വെള്ളിയാഴ്ച അറിയിച്ചു. 50,000 പൗണ്ട് (ഏകദേശം 58 ലക്ഷം രൂപ) ആണ് പുരസ്‌കാരത്തുക. ബ്രിട്ടീഷ് ബാലസാഹിത്യകാരനായ ഫ്രാങ്ക് കോഡ്രല്‍ ബോയ്‌സ് നയിക്കുന്ന ജൂറിയാകും സമ്മാനാര്‍ഹമായ കൃതി തിരഞ്ഞെടുക്കുക. 

കുട്ടിക്കഥകള്‍ക്കായുള്ള പുരസ്‌കാരമായതിനാല്‍ത്തന്നെ കുട്ടികളും ഈ ജൂറിയുടെ ഭാഗമായിരിക്കും. 2027-ലാകും ആദ്യ പുരസ്‌കാരം സമ്മാനിക്കുക. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്ക് മാന്‍ ബുക്കറും ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെടുന്ന കൃതികള്‍ക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനവുമാണ് ഇപ്പോഴുള്ളത്.