+

അതിര്‍ത്തി സംഘര്‍ഷം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി കംബോഡിയയും തായ്‌ലന്‍ഡും

സംഘര്‍ഷത്തെ അപലപിച്ച യുഎന്‍ സമാധാനശ്രമങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി കംബോഡിയയും തായ്‌ലന്‍ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയന്‍ പ്രധാനമന്ത്രിയുമായും, തായ്ലന്‍ഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി ട്രംപ് അറിയിച്ചു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേര്‍ പലായനം ചെയ്തു. സംഘര്‍ഷത്തെ അപലപിച്ച യുഎന്‍ സമാധാനശ്രമങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ തായ്ലന്‍ഡ് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. ജനവാസപ്രദേശങ്ങള്‍ കംബോഡിയ ആക്രമിച്ചതായി തായ്ലന്‍ഡ് ആരോപിച്ചിരുന്നു. തായ്ലന്‍ഡ് -കംബോഡിയ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ദീര്‍ഘനാളായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. 817 കിലോമീറ്റര്‍ കര അതിര്‍ത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്ലന്‍ഡും ലാവോസും കൂടിച്ചേരുന്ന എമറാള്‍ഡ് ട്രയാംഗിള്‍ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്പ്പില്‍ കഴിഞ്ഞ മേയില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തായ്ലന്‍ഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്ലന്‍ഡ് സൈന്യം ആരോപിച്ചു.

facebook twitter