മൈസൂരു: താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് ആണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നതോടെ വിവാഹം മുടങ്ങി. ഇതോടെ വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വെള്ളിയാഴ്ച രാവിലെ ഹാസന്‍ ജില്ലയിലെ ആദി പുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് നാടകീയസംഭവം അരങ്ങേറിയത് .
ഹാസനിലെ ബുവനഹള്ളിയില്‍നിന്നുള്ള യുവതിയുടെയും ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വിവാഹവേദിയിലിരിക്കുമ്പോള്‍ യുവതിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു.
വധു പെട്ടെന്ന് എഴുന്നേറ്റ് വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമില്‍ച്ചെന്ന് കതകടച്ചു. മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവതി മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. ആണ്‍സുഹൃത്തില്‍നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് വരന്റെ കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി. തുടര്‍ന്ന് പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.