യുപിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരങ്ങൾക്ക് ജീവപര്യന്തം

08:22 PM Dec 20, 2025 | Kavya Ramachandran

യുപിയിലെ മുസാഫർ ന​ഗറിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 24 വയസ്സുള്ള യുവാവിനെയും വിവാഹിതയായ സഹോദരിയെയും പ്രത്യേക പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികളായ റാഷിദിനും സഹോദരി ഷക്കീലയ്ക്കുമാണ് ജീവപര്യന്തം തടവും 25000 രൂപ പിഴയും വിധിച്ചത്.

ഐപിസി സെക്ഷൻ 376(ബലാത്സം​ഗം), 342(അനധികൃമായി തടവിൽ വയ്ക്കൽ) 120 ബി(ക്രിമിനൽ ​ഗൂഡാലോചന) എന്നിവ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2020 മാർച്ചിൽ മൻസൂർപൂർ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള നാര ​ഗ്രാമത്തിലാണ് പ്രതി റാഷിദ് സഹോദരി ഷക്കീലയുടെ സഹായത്തോടെ കുട്ടിയെ ബലാത്സം​ഗം ചെയ്യുകയും ദൃശ്യങ്ങൾ വീഡിയോ ആയി റെക്കോഡ് ചെയ്യുകയും ചെയ്തത് എന്ന് അഭിഭാഷകൻ വിനയ് അറോറ പിടിഐയോട് പറഞ്ഞു. ഷക്കീലയാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീക്ഷണിപ്പെടുത്തിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടന്ന് എട്ട് മാസത്തിന് ശേഷമാണ് പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് രാജ്യത്തിന് പുറത്തായിരുന്നു എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.