കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ച സ്വകാര്യബസ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധിച്ചു. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന'സന'ബസ് ഞായറാഴ്ച രാവിലെ 8.50-വൈദ്യുതി ഷോര്‍ട്ട്-സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് വിലയിരുത്തല്‍.ഓടെ വിമാനത്താവള ജങ്ഷന് സമീപം തുറയ്ക്കലിലാണ് കത്തിനശിച്ചത്.
ഓടുന്നതിനിടെ എന്‍ജിന്റെ കരുത്ത് കുറയുന്നതായി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുക ഉയരുന്നതുകണ്ടത്. ഉടന്‍ യാത്രക്കാരെ പുറത്തിറക്കി. വൈകാതെ ബസ് കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. മലപ്പുറം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യൂസഫ്, എംവിഐ സുരേഷ് ബാബു, കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലെ എഎംവിഐ ഡിവിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ബസ്സിലെ ഇലക്ട്രിക് വയറുകളടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു. എന്‍ജിന്‍ ഭാഗത്തുനിന്ന് തീപിടിച്ചതുകൊണ്ടാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന നിഗമനത്തിലെത്തിയത്. വിശദമായ റിപ്പോര്‍ട്ട് അടുത്തദിവസം കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു.
നാല്പതിലേറെ യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ചൂടേറ്റ് എയര്‍ ഡോറുകള്‍ പെട്ടെന്ന് തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു. ജീവനക്കാരും യാത്രക്കാരും ബലംപ്രയോഗിച്ച്് വാതിലുകള്‍ തള്ളിത്തുറക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം പൂര്‍ണമായും തീ വിഴുങ്ങിയ ബസ് അരമണിക്കൂറിലേറെ ആളിക്കത്തി. മലപ്പുറത്തുനിന്നും മീഞ്ചന്തയില്‍നിന്നും ഓരോയൂണിറ്റ് അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
വന്‍ ശബ്ദത്തോടെ ടയറുകള്‍ പൊട്ടിത്തെറിച്ചത് ആശങ്ക പടര്‍ത്തിയിരുന്നു. ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതാണ് രക്ഷയായത്. പരിശോധനയില്‍ ബസ്സിനുള്ളില്‍ ഉപയോഗിക്കാതെകിടന്ന ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ കണ്ടെത്തി. പുകകണ്ട ഉടനെ ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ ആരോ എന്ന കമ്പനിയാണ് ബോഡി നിര്‍മിച്ചത്. 13 മീറ്ററാണ് ബസിന്റെ നീളം. 2019 മോഡല്‍ ബസാണിത്.