+

ടി.ടി.സി വിദ്യാർത്ഥിയുടെ ആത്മഹത്യ : റമീസിൻറെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്ത് ടി.ടി.സി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിൻറെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കൊച്ചി : കോതമംഗലത്ത് ടി.ടി.സി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിൻറെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കേസിൽ റമീസിന്റെ മാതാപിതാക്കളെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

അതേസമയം, കേസ് അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്.എച്ച്.ഒമാർ അന്വേഷണ സംഘത്തിലുണ്ട്. ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിൻറെ നിഗമനം.

റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കോതമംഗലം കറുകടത്ത് 23 കാരിയായ പെൺകുട്ടിയും പാനായിക്കുളത്തെ റമീസും തമ്മിൽ പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ മതം മാറിയതിനുശേഷം മറ്റൊരു വീട്ടിൽ താമസിക്കാമെന്ന പെൺകുട്ടിയുടെ അഭിപ്രായത്തെ റമീസ് അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവർക്കിടയിൽ തർക്കങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ചില അനാശാസ്യ ഗ്രൂപുകളിൽ സെർച്ച് ചെയ്തതും അവരുടെ അഡ്രസ് തേടിപ്പോയതും പെൺകുട്ടിക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇത് റമീസിൻറെ മാതാപിതാക്കളെ പെൺകുട്ടി അറിയിച്ചതും റമീസിന് പകക്ക് കാരണമായി.

പിന്നീട് പെൺകുട്ടിയുമായി സംസാരിക്കാൻ റമീസ് തയാറായിരുന്നില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. മരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടി അയച്ച മെസേജിന് 'മരിച്ചോ' എന്ന് പറഞ്ഞ് റമീസ് മെസേജയച്ചതും പെൺകുട്ടിക്ക് ആഘാതമായി.

facebook twitter