ദുബായിലേക്ക് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധംകെടുത്തി പീഡിപ്പിച്ച് ദൃശ്യം പകർത്തിയെന്ന് ആരോപണം : പ്രവാസി വ്യവസായിക്കെതിരെ കേസ്

08:45 PM Aug 19, 2025 | AVANI MV

തിരുവനന്തപുരം: ദുബായിലേക്ക് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ കേസ്. വർക്കലയിൽ ടൂറിസം സ്ഥാപനം നടത്തുന്ന ചെമ്മരുതി തച്ചോട് ഗുരുകൃപയിലെ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വക്കം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ദുബായിൽ തൊഴിൽ വിസ നൽകാമെന്നായിരുന്നു ഇയാൾ യുവതിക്ക് നൽകിയ വാഗ്‌ദാനം. ഇതിന് ശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും കുടിക്കാൻ ലഹരി കലർത്തിയ പാനീയം നൽകിയെന്നും യുവതിയുടെ പരാതിയിലുണ്ട്. പാനീയം കുടിച്ചപ്പോൾ താൻ ബോധരഹിതയായെന്നും ഈ സമയത്ത് തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ഇത് സംബന്ധിച്ച് യുവതി സംസ്ഥാന പൊലീസിലെ ഉന്നതർക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം യുവതിക്കെതിരെ പ്രവാസി വ്യവസായിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയും ഇവരുടെ അഭിഭാഷകനും ചേർന്ന് തൻ്റെ പക്കൽ നിന്നും പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസിന് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസിന് ഷിബുവിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.