+

ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

നിപാ ബാധയേറ്റ് കോമാവസ്ഥയിൽ കഴിയുന്ന ആരോ​ഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

തിരുവനന്തപുരം : നിപാ ബാധയേറ്റ് കോമാവസ്ഥയിൽ കഴിയുന്ന ആരോ​ഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. 2023-ൽ നിപാ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി ടിറ്റോ തോമസ് അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മം​ഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആശുപത്രിയിൽ ക​ടു​ത്ത പ​നി​യു​മാ​യി എത്തുകയും ഇവിടെ വച്ച്​ മരിക്കുകയും ചെയ്ത രോ​ഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോ​ഗബാധ ഉണ്ടായത്.

സർക്കാർ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും

ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 2022 ജനുവരി ഒന്നു മുതൽ പ്രാബല്യം ഉണ്ടാകും.


വി ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും

തലശ്ശേരി താലൂക്കിലെ വി ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സർക്കാർ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങൾ വരാൻ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. മുൻസിപ്പാലിറ്റി  ചെയർമാൻ അധ്യക്ഷനായും കായിക വകുപ്പിൻറെയും റവന്യു വകുപ്പിൻറെയും  പ്രതിനിധികളെ അംഗങ്ങളായും ഉൾപ്പെടുത്തി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോ​ഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാണ്.

facebook twitter