ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും മരുമകനും നടനുമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും പോലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് പോലീസ് താരങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. നന്ദകുമാര്‍ എന്ന വ്യവസായിയുടെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇരുവരേയും കൂടാതെ റാണയുടെ സഹോദരന് അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്. വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2022ൽ ദഗ്ഗുബാട്ടി കുടുംബം ഫിലിം നഗറിലെ സ്ഥലം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് കൊടുത്തിരുന്നു. ഈ സ്ഥലത്താണ് ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തിരുന്നു.
നന്ദകുമാര്‍ നല്കിയ പരാതിയില്‍ ഫിലിം നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ തകര്‍ക്കപ്പെട്ടത്.
ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെയായിരുന്നു സംഭവം.