+

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് ; യുവതി പിടിയില്‍

യുവതിക്കെതിരെ സമാനമായ കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുനലൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലാം പ്രതിയായ യുവതി പിടിയില്‍. കൊല്ലം സ്വദേശിനി ചിഞ്ചുവാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് സമീപിച്ച നിഷാദിനെ കബളിപ്പിച്ച് പതിനൊന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്.
2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ന്യൂസിലന്‍ഡില്‍ ജോലിയുണ്ടെന്ന പേരില്‍ ഫേസ്ബുക്കില്‍ പരസ്യം കണ്ട് പുനലൂര്‍ കറവൂര്‍ സ്വദേശിയാ നിഷാദ് പ്രതികളെ ബന്ധപ്പെടുകയായിരുന്നു. വെല്‍ഡിങ് ജോലിയിലൂടെ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. 

എറണാകുളം കേന്ദ്രീകരിച്ച് വ്യാജ കണ്‍സള്‍ട്ടണ്‍സി സ്ഥാപനം നടത്തിയിരുന്ന പ്രതികള്‍ 11.50 ലക്ഷം രൂപ നിഷാദില്‍ നിന്ന് പല തവണയായി വാങ്ങിയെടുത്തു. പുനലൂരിലെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം അയച്ചു നല്‍കിയത്. പക്ഷേ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസിലായി.
എറണാകുളം സ്വദേശികളായ ബിനില്‍ കുമാര്‍, സഹോദരന്‍ ബിജു കുമാര്‍, ബിജി, കൊല്ലം സ്വദേശിനി ചിഞ്ചു എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയെടുത്തത്. നാലാം പ്രതിയായ ചിഞ്ചുവാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പിടിയിലായത്. 

യുവതിക്കെതിരെ സമാനമായ കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി നേരത്തെ അറസ്റ്റിലായിയിരുന്നു. രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. 

ചിഞ്ചുവിനെ പുനലൂര്‍ സ്റ്റേഷനില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ന്യൂസിലാന്‍ഡ് ജോലിയുടെ പേരില്‍ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

facebook twitter