+

കൈക്കൂലി കിട്ടിയാല്‍ വേണ്ടാത്തവര്‍ ആരുമില്ല, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ സിബിഐ പൊക്കിയത് തന്ത്രപരമായി, കൈക്കൂലിയായി 2.5 കോടി രൂപയുടെ ഫ്‌ലാറ്റ്, ഓരോ കേസിലും 20 ലക്ഷം രൂപ വരെ കിമ്പളം

ഹൈദരാബാദിലെ ഇന്‍കം ടാക്‌സ് (എക്‌സംപ്ഷന്‍സ്) കമ്മിഷണര്‍ ജീവന്‍ ലാല്‍ ലവിദിയയെ ഉള്‍പ്പെടെ അഞ്ച് പേരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത് തന്ത്രപരമായി.

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഇന്‍കം ടാക്‌സ് (എക്‌സംപ്ഷന്‍സ്) കമ്മിഷണര്‍ ജീവന്‍ ലാല്‍ ലവിദിയയെ ഉള്‍പ്പെടെ അഞ്ച് പേരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത് തന്ത്രപരമായി.

കഴിഞ്ഞദിവസമാണ് 70 ലക്ഷം രൂപയുടെ കൈക്കൂലി കേസില്‍ ഇവരെ അറസ്റ്റ് ചെയ്തത്. 2004-ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറായ ലവിദിയ മുന്‍ ബിആര്‍എസ് എംഎല്‍എ രാമലു നായ്ക്കിന്റെ മകനാണ്. കോടികളാണ് ഇദ്ദേഹം പല കേസുകളിലും കൈക്കൂലിയായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഷാപൂര്‍ജി പലോന്‍ജി ഗ്രൂപ്പിന് അനുകൂലമായി ഒരു അപ്പീല്‍ തീര്‍പ്പാക്കാന്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പരാതി കിട്ടിയിരുന്നു. അറസ്റ്റിലായ മറ്റുള്ളവര്‍ ഷാപൂര്‍ജി പലോന്‍ജി ഗ്രൂപ്പിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ടാക്‌സേഷന്‍) വിരാല്‍ കാന്തിലാല്‍ മേത്ത, സായ്റാം പാലിസെട്ടി, നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, കൈക്കൂലി എത്തിച്ച സജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ്.

ലവിദിയയുടെ അഴിമതി സംബന്ധിച്ച മുന്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ 2025 മെയ് 9-ന് അദ്ദേഹത്തിനും 14 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 1.2 കോടി രൂപയാണ് ലവിദിയ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഏജന്റ് മുഖേന 15 ലക്ഷം രൂപ നേരത്തെ വാങ്ങിയിരുന്നു. പിന്നീട് മറ്റൊരു 70 ലക്ഷം രൂപ കൂടി കൈമാറി.

മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 69 ലക്ഷം രൂപ കൂടാതെ കൈക്കൂലി തുകയും കണ്ടെടുത്തു, കൂടാതെ കുറ്റം തെളിയിക്കുന്ന രേഖകളും കണ്ടെത്തി. പ്രതികളെ മുംബൈ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പ്രത്യേക സിബിഐ കോടതികളില്‍ ഹാജരാക്കി.

ഇന്‍കം ടാക്‌സ് (അപ്പീല്‍സ് യൂണിറ്റ്-7, യൂണിറ്റ്-8) കമ്മിഷണറുടെ അധിക ചുമതലയും വഹിച്ചിരുന്ന ലവിദിയ, അനുകൂല അപ്പീല്‍ തീരുമാനങ്ങള്‍ക്കായി ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുകയാണ് പതിവ്. എഫ്‌ഐആര്‍ അനുസരിച്ച്, മുംബൈയില്‍ 2.5 കോടി രൂപയുടെ ഫ്‌ലാറ്റ് കൈക്കൂലിയായി സ്വീകരിച്ചതും വിവിധ കേസുകളില്‍ 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള മറ്റ് പേയ്‌മെന്റുകളും വാങ്ങി.

Trending :
facebook twitter