ന്യൂഡൽഹി : നിർമിത ബുദ്ധി (എ.ഐ) ദുരുപയോഗത്തിന് തടയിടാൻ ഐ.ടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഡീപ്ഫേക്കടക്കം എ.ഐ നിർമിത ഉള്ളടക്കങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പരാതിയുയരുന്നതിനിടെയാണ് നീക്കം.
നിർദിഷ്ട ഐ.ടി നിയമ ഭേദഗതികളുടെ കരടിൽ പൊതുജനങ്ങൾക്ക് നവംബർ ആറുവരെ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാനാവും. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും (സിന്തറ്റിക്) യഥാർഥ ഉള്ളടക്കങ്ങളും തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തിലാണ് കരട് ഭേദഗതി.
സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളെ ‘കംപ്യൂട്ടർ ടൂളുകൾ ഉപയോഗിച്ച്, നിർമിത ഉള്ളടക്കങ്ങൾ, മാറ്റംവരുത്തിയവ അല്ലെങ്കിൽ തിരുത്തിയവ’ എന്നിങ്ങനെ കരടിൽ നിർവചിക്കുന്നു. പുതിയ നിയമപ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ സമൂഹമാധ്യമ പ്ളാറ്റ്ഫോമുകൾ ഉള്ളടക്കം പങ്കുവെക്കുന്നതിന് മുൻപ് അത് സിന്തറ്റിക് ആണോ എന്ന് ചോദിച്ച് ഉറപ്പിക്കണം.
ഇതിന് പുറമെ, കൃത്യമായി പരിശോധിച്ച് നിർമിത ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് വ്യക്തമായ ധാരണ നൽകുന്ന വിധത്തിൽ ലേബൽ ചെയ്യണം. ഇത്തരത്തിൽ പ്രദർശിപ്പിക്കുന്ന ലേബലുകളും അറിയിപ്പുകളും വ്യക്തമായതും വായിക്കാനാവുന്ന വലിപ്പത്തിലുളളതുമാവണം. വീഡിയോ സ്ക്രീനിന്റെയും ഓഡിയോ ക്ളിപ്പിന്റെയും 10 ശതമാനം വലിപ്പത്തിലാണ് അറിയിപ്പുകളും ലേബലും പ്രദർശിപ്പിക്കേണ്ടത്. ഇത്തരം ലേബലുകളും അറിയിപ്പുകളും പ്ളാറ്റ്ഫോമുകൾ പിന്നീട് നീക്കരുതെന്നും കരട് നിർദേശിക്കുന്നു.
പരാതികളുടെയും നടപടികളുടെയും അടിസ്ഥാനത്തിൽ നിർമിത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന സമൂഹമാധ്യമ പ്ളാറ്റ്ഫോമുകൾക്ക് നിയമപരമായ പരിരക്ഷ നൽകുന്നതാണ് ഭേദഗതി. ഉപയോക്താക്കളെ കൂടുതൽ അവബോധമുള്ളവരാക്കാനും എ.ഐ സാങ്കേതിക വിദ്യയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിർമിത ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിടുന്നതാണ് ഭേദഗതികളെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.