+

എസ് സി, എസ്ടി വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് സർക്കാർ വലിയ പിന്തുണ നൽകുന്നു: മന്ത്രി ഒ ആർ കേളു

പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു

കോഴിക്കോട് : പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. ഇതിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അവരെ കൈപ്പിടിച്ചുയർത്തുകയാണ് സർക്കാർ ലഷ്യമെന്നും ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. 

ഓരോ കുട്ടിക്കും 25 ലക്ഷം വീതം 1104 കുട്ടികൾക്ക് വിദേശത്ത് പഠിക്കാനുള്ള സഹായം, പാലക്കാട് എസ് സി മെഡിക്കൽ കോളേജിൽ 72 കുട്ടികൾക്ക് വൈദ്യ പഠനത്തിന് അവസരം, സിവിൽ സർവീസസ്, എൽഎൽബി എന്നിങ്ങനെ നിരവധി കോഴ്സുകൾ പഠിക്കാൻ സംവിധാനം തുടങ്ങി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ എല്ലാവിധ സഹായവും പ്രോത്സാഹനവുമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
   
എസ് സി, എസ്ടി വിഭാഗത്തിൻ്റെ പശ്ചാത്തല വികസനങ്ങൾക്ക് പുറമെ വീടിനായി ഒരു തുണ്ട് ഭൂമിയില്ലാത്ത  കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പ്രകാരം 3000 ൽ അധികം കുടുംബത്തിന് ഭൂമി വാങ്ങിച്ച് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കാലത്തിനൊപ്പം സഞ്ചരിക്കാനും മുന്നേറാനും എസ് സി-എസ്ടി വിഭാഗക്കാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
.
ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അബ്ദുൽ ഹമീദ്, വൈസ് പ്രസിഡൻ്റ്പി കെ ആയിശ, തോടന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി വി കുഞ്ഞിരാമൻ, പി എം ലതിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി പി വിശ്വനാഥൻ, പഞ്ചായത്ത് അംഗങ്ങളായ ലിസ പുനയകോട്ട് , എ സുരേന്ദ്രൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ശൈലേഷ്, സ്വാഗത സംഘം കൺവീനർ ഷിജു വാളാഞ്ഞി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

വീട് അറ്റക്കുറ്റപ്പണി, കിണർ നിർമ്മാണം, റോഡ് നിർമ്മാണം, വീട് വൈദ്യുതീകരണം തുടങ്ങി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് വാളാഞ്ഞി - കുളങ്ങരത്ത് നഗറിൽ നടപ്പിലാക്കുക. സിൽക്കിനാണ് പ്രവൃത്തിയുടെ ചുമതല. ആറു മാസമാണ് പദ്ധതി നിർവ്വഹണ കാലാവധി.


 

facebook twitter