ധർമജൻ ബോൾഗാട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആട് 3 സിനിമയിലെ കഥാപാത്രങ്ങളുടെ സ്കെച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഒരു ടൈം ട്രാവൽ ചിത്രം തന്നെയായിരിക്കും ആട് 3 എന്ന് ഉറപ്പ് നൽകുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ത വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇത്. പഴയ കാലഘട്ടത്തെ പാപ്പനും പിള്ളേരുമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ചിലർ ഇത് ഫാൻ മെയ്ഡ് പോസ്റ്റർ ആണെന്നും പറഞ്ഞ് എത്തുന്നുണ്ട്. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ധർമജൻ ബോൾഗാട്ടിയാണ് ഈ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.
ഇത് ഒറിജിനൽ തന്നെയാണോ എന്ന സംശയത്തിലാണ് നിരവധി പേരും ചോദിക്കുന്നത്. സിനിമയുടെ ചിത്രീകരണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ജയസൂര്യ ഷാജി പാപ്പന്റെ ലുക്കിലേക്ക് തിരികെയെത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം മുടിയും താടിയും നീട്ടി വളർത്തിയ ജയസൂര്യയെ ആയിരുന്നു പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആട് 3 അവരുടെ എല്ലാവരുടെയും ഇൻട്രോ വീഡിയോ സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.