'ചാര്‍ലി കര്‍ക്കിനെ വെടിവെച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന്

08:12 AM Sep 13, 2025 |


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവെച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ്.

റോബിന്‍സന്‍ എന്ന യുവാവാണ് കൃത്യത്തിന് പിന്നില്‍. കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്പെന്‍സര്‍ കോക്സ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവെപ്പിന് ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.
കര്‍ക്കിന്റെ സംസ്‌കാര ചടങ്ങില്‍ ട്രംപ് പങ്കെടുക്കും. നേരത്തെ മരണാനന്തര ബഹുമതിയായി 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.