ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് സൈറ്റുകളിൽ ആരംഭിക്കുന്ന സെയിലുകൾക്കായി ഇനി കാത്തുനിൽക്കേണ്ട. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു 5ജി ഫോൺ ഇതാ ഇന്ത്യയിൽ ഇറങ്ങിയിരിക്കുകയാണ്. വെറും 6749 രൂപ വിലയിൽ വാങ്ങാം എന്നതാണ് ഈ ഫോണിന്റെ ഏറ്റവും ആകർഷകമായ പ്രത്യേകത. ഇനി ഏത് ഫെസ്റ്റിവൽ സെയിൽ വന്നാലും ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഒരു 5 G ഫോൺ ലഭിക്കില്ല എന്നുറപ്പാണ്.
ലാവ തങ്ങളുടെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ബോൾഡ് സീരീസിൽ അവതരിപ്പിക്കുന്ന ലാവ ബോൾഡ് എൻ1 5ജി മോഡലാണ് ഈ പറഞ്ഞ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോൺ. ഇപ്പോൾ ആമസോൺ വഴി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് കമ്പനി.
ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമാണ് യഥാർഥ വില. ഈ വിലയിലാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 6749 രൂപ വിലയിൽ ഇത് വാങ്ങാനാകും.
6nm യൂണിസോക് T765 ഒക്ടാ-കോർ പ്രൊസസ്സർ, 90Hz റിഫ്രഷ് റേറ്റുള്ള 6.75-ഇഞ്ച് HD+ LCD സ്ക്രീൻ, 13MP മെയിൻ ക്യാമറയും 5MP സെൽഫി ക്യാമറ, 18W ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററി, IP54 റേറ്റിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ഷാമ്പെയ്ൻ ഗോൾഡ്, റോയൽ ബ്ലൂ നിറങ്ങളിൽ ആണ് ഫോൺ ലഭ്യമാകുക.
കൂടാതെ ഈ ഫോണിന് ഒരു ആൻഡ്രോയിഡ് അപ്‌ഡേറ്റും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 5G ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇത് ഒരു നല്ല ഓപ്ഷനാണ്.