ചെന്നൈ: തിരുവാണ്‍മിയൂര്‍ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ വീണു. ഏറെനേരത്തെപരിശ്രമത്തിനുശേഷം കാര്‍ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കംഅഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാര്‍ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വരുകയായിരുന്നു.
അഗ്നിശമസേനാഗങ്ങളും പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിച്ചു. സമാനമായ സംഭവങ്ങള്‍ ഇതിന് മുന്‍പും നഗരത്തില്‍ നടന്നിരുന്നു.
എന്നാല്‍, നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ് മെട്രോ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഭൂഗര്‍ഭ മാലിന്യക്കുഴലിലെ ചോര്‍ച്ചയാണ് മണ്ണൊലിച്ചുപോകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പറഞ്ഞു.