ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന പോലീസ് സ്റ്റോറിയാണ്. ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്.
ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈംസ് ഗ്രൂപ്പിന്റെ സബ്‍സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്‍സ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം ജൂൺ 13നാണ് റിലീസ് ചെയ്യുന്നത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് കഥാപശ്ചാത്തലം. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘർഷങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നു. കണ്ണൂർ ജില്ലയിലെ ഇരുട്ടിയിൽ ഷൂട്ടിങ് പൂർത്തീകരിച്ച സിനിമ രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒരു രാത്രിയിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് പറയുന്നത്.
സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്‍മി മേനോൻ, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ അൻവർ അലിയാണ് ഗാനരചന. ഏറെ ചർച്ചകൾക്ക് വഴിവെച്ച റോന്തിൽ ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും അത്യുഗ്ര പ്രകടനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്