+

ചേര്‍ത്തല തിരോധാന കേസ്; ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ വീണ്ടും പരിശോധിക്കും

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും അന്വേഷണത്തിന്റെ ഭാഗമായി ബിന്ദുവിന്റെ സഹോദരന്റെ രക്തത്തിന്റെ സാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ വീണ്ടും പരിശോധിക്കാന്‍ തീരുമാനം. ഇതിനായി ബിന്ദുവിന്റെ ഇറ്റലിയിലുള്ള ഏക സഹോദരനോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്താഴ്ച്ചയോടെ ബിന്ദുവിന്റെ സഹോദരന്‍ നാട്ടിലെത്തും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും അന്വേഷണത്തിന്റെ ഭാഗമായി ബിന്ദുവിന്റെ സഹോദരന്റെ രക്തത്തിന്റെ സാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ ശേഖരിച്ച രക്ത സാമ്പിളിന്റെ കാലപ്പഴക്കം പരിശോധനയെ ബാധിക്കും എന്നതിനാലാണ് വീണ്ടും ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കും. എസ്പിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ ചോദ്യംചെയ്യല്‍ അഞ്ചുദിവസമായി തുടരുകയാണ്. അന്വേഷണത്തോട് സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യംചെയ്യാനുളള അന്വേഷണ സംഘത്തിന്റെ തീരുമാനം.

ജൈനമ്മ കൊലക്കേസില്‍ കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്റെ വീട്ടിലും പരിസരങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. ഇതിന് പുറമേ ആറോളം അസ്ഥിക്കഷ്ണങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതില്‍ കത്തിക്കരിഞ്ഞ നിലയിലുള്ളതുമുണ്ട്. ഇത് നേരിട്ട് കത്തിച്ചതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം മൃതദേഹം കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് വീണ്ടും കത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ മരത്തില്‍ നിന്ന് ഒരു കൊന്ത കണ്ടെത്തിയിരുന്നു. കൂടാതെ ലേഡീസ് ബാഗും വസ്ത്രവും കണ്ടെത്തി. വീടിന്റെ പിന്നിലെ കുളത്തിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും ലഭിച്ചില്ല.

facebook twitter