വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 'വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ലൈബ്രറികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകർഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി 'വായനാ വസന്തം' പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വായനയുടെ പ്രാധാന്യം ആഴത്തിൽ വേരൂന്നിയതിന് പിന്നിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. നാടിന്റെ മുക്കിലും മൂലയിലും ഇന്ന് കാണുന്ന വായനശാലകൾക്ക് പിന്നിൽ ഈ പ്രസ്ഥാനം പ്രചോദന ശക്തിയായി നിന്നു. പുതുതലമുറയെ വായനയിലേക്ക് കൈപിടിച്ചു നടത്താൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വായനശാലകളിൽ സ്ഥാപിച്ച എഴുത്തുപെട്ടികൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവം, ചിൽഡ്രൻസ് ഹോം ലൈബ്രറി സർവീസ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.
സ്ത്രീകൾക്കും അതിഥി തൊഴിലാളികൾക്കും ഗ്രന്ഥശാലാ സേവനങ്ങൾ എത്തിക്കുന്നതിന് ലൈബ്രറി കൗൺസിൽ നടത്തുന്ന ശ്രമങ്ങളെ സമൂഹം താൽപ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ട്രൈബൽ ലൈബ്രറികളും ജയിൽ ലൈബ്രറികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരുത്താനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, വെളിച്ചത്തെ ഭയപ്പെടുകയും ഇരുട്ടിൽ മാത്രം വളരുകയും ചെയ്യുന്ന ശക്തികൾക്കെതിരെ ജനമനസ്സുകളിൽ ജാഗ്രത ഉണർത്തേണ്ടതുണ്ട്. ഇതിന് 'വായനാ വസന്തം' പദ്ധതി സഹായകമാകുമെന്നും ഗ്രന്ഥശാലാ പ്രവർത്തകർ ഈ വിഷയങ്ങളിൽ ഗൗരവപൂർവം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വീടുകളിലേക്ക് എത്തുന്ന പുസ്തകങ്ങൾ വായിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. പൊതുവിടങ്ങളിലെ ചർച്ചകൾക്കൊപ്പം, ഇന്നത്തെ കാലത്ത് ഓൺലൈൻ ചർച്ചകളും സാധ്യമാണ്. ഇത്തരം ചർച്ചകളും സംവാദങ്ങളും സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലൈബ്രറികൾ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് അനൗപചാരിക സർവകലാശാലകളായാണ് അവയെ കാണേണ്ടത്. സാർവത്രിക വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലത്ത് നാട്ടിൻപുറങ്ങളിൽ വിജ്ഞാനം എത്തിക്കുകയും ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്ത ഇടങ്ങളാണ് ലൈബ്രറികൾ.
ഇന്ന് വിദ്യാഭ്യാസം സാർവത്രികമായെങ്കിലും, ലോക വിജ്ഞാന ശൃംഖലയിലൂടെ എത്തുന്ന അറിവിൽ ശരിയും തെറ്റും കലർന്നിരിക്കുന്നു. ഇത് വേർതിരിച്ചറിയാൻ കഴിയുന്ന രീതിയിൽ പുതുതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ, വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതിയ കാലഘട്ടത്തിൽ ലൈബ്രറികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ശരിയായ അറിവിന്റെ കൈമാറ്റം ഇതിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ലൈബ്രറികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നത് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വായനയിലൂടെ വളർന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ഈ ധന്യമായ യാത്ര മുന്നോട്ട് കൊണ്ടുപോകാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. വായനയിലൂടെ 'ലോകസഞ്ചാരം' നടത്താൻ കഴിയുമെന്നും പുതുതലമുറയെ വായനാശീലത്തിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ, വയനാട് ദുരന്തബാധിതർക്കായി വീടുകളും ലൈബ്രറിയും നിർമിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് 3.41 കോടി രൂപയുടെ ചെക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് കൈമാറി. ഗ്രന്ഥശാലാ പ്രവർത്തകർക്കും ലൈബ്രേറിയന്മാർക്കുമുള്ള സൗജന്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു.
എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, എഴുത്തുകാരായ എൻ.എസ്. മാധവൻ, സി.എസ്. ചന്ദ്രിക, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി വി.കെ. മധു, ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.