+

ജനം ഒപ്പം നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ വർഷം ഉണ്ടായ വൻ പ്രകൃതി ദുരന്തം ബാധിച്ചവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ വർഷം ഉണ്ടായ വൻ പ്രകൃതി ദുരന്തം ബാധിച്ചവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. ഒരു വെല്ലുവിളിക്കും നമ്മെ തകർക്കാനാകില്ല. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശം.

അസാധ്യമെന്ന് കരുതിയ ഈ ദൗത്യം എങ്ങനെ സാധ്യമാക്കി? നമ്മുടെ ജനതയുടെ ഒരുമയും ഐക്യവും എന്നാണ് അതിന് ഉത്തരം. ജനസമൂഹത്തിന്റെ മനുഷ്യത്വത്തിനൊപ്പം സർക്കാരും കൂടെ നിന്നപ്പോൾ അസാധ്യമായത് സാധ്യമായി.

ദുരന്തവേളയിലെ അസാധാരണമായ  രക്ഷപ്രവർത്തനത്തിനും രക്ഷപ്പെട്ടവരെ സഹായിച്ച തുടർപ്രവർത്തനങ്ങൾക്കും ഇപ്പോൾ പുനരധിവാസ പ്രവർത്തനത്തിനും കുടുക്ക പൊട്ടിച്ചു സമ്പാദ്യം നൽകിയ കുട്ടികൾ മുതൽ പ്രവാസികളോട് വരെ നന്ദി പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെല്ലാം ഒരുമിച്ചു നിന്നു.

ദുരന്തമുഖത്ത് പുനരധിവാസം സർക്കാർ പ്രധാനമായി കണ്ടപ്പോൾ വലിയ സ്രോതസ്സായി പ്രതീക്ഷിച്ചിരുന്നത് കേന്ദ്രസഹായം ആയിരുന്നു. എന്നാൽ 2221 കോടി രൂപ പുനരധിവാസത്തിന് കണക്കാക്കിയപ്പോൾ കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. നൽകിയ 529 കോടി രൂപയാകട്ടെ വായ്പയാണ്. അത് തിരിച്ചു കൊടുക്കേണ്ട തുകയാണ്.

വെറുതെ വീട് നിർമ്മിക്കൽ അല്ല ടൗൺഷിപ്പിൽ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന വീടുകളും കെട്ടിടങ്ങളുമാണ് ടൗൺഷിപ്പിൽ ഉയരുക. വീടിന് പുറമെ, സമൂഹ്യ ജീവിതത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാവും. അങ്കണവാടി, പ്രൈമറി ഹെൽത്ത് സെൻറർ, സ്പോർട്സ് ക്ലബ്, അങ്ങാടി തുടങ്ങിയവ ടൗൺഷിപ്പിൽ ഉണ്ടാകും.

ടൗൺഷിപ്പിൽ ഒതുങ്ങാതെ പുനരധിവാസത്തിനുള്ള തുടർപരിപാടികളും സർക്കാരിന്റെ മുന്നിലുണ്ട്.  മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഇരയായവർക്ക് ഇതേ വരെ 25.64 കോടി രൂപയാണ് പണമായി വിവിധ ഇനങ്ങളിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്ന് 32ാം ദിവസം തന്നെ  ദുരന്തത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പഠനം മേപ്പാടി സ്‌കൂളിൽ പുനരാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ബാങ്ക് ദുരിതബാധിതരുടെ ലോണുകൾ എഴുതിത്തള്ളി.  ദേശസാൽകൃത ബാങ്കുകളും കടം എഴുതിത്തള്ളാനായി കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്. 

രക്ഷാപ്രവർത്തനം വഴി മണ്ണിൽ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താനും 1300 ഓളം പേരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റാനും സാധിച്ച അഭൂതപൂർവ്വമായ രക്ഷാപ്രവർത്തനമാണ് ദുരന്തമുഖത്ത് നടന്നത്. ദുരന്തത്തിൽപ്പെട്ട് ചെളിയിൽ ആണ്ടുപോയ വെള്ളാർമല സ്വദേശി അവ്യക്ത് എന്ന ബാലൻ ഒരുതരത്തിൽ ആധുനിക വൈദ്യശാസ്ത്രം പുനർജനിപ്പിച്ച കുട്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വയനാട് പുനരധിവാസത്തിന് ജനങ്ങൾക്ക് സ്പോൺസർ ചെയ്യാൻ കഴിയുന്ന wayanadtownship. kerala.gov.in എന്ന പോർട്ടലിന്റെ ലോഞ്ചിങ്ങും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിച്ചു.

കർണാടക സർക്കാർ നേരത്തെ വാഗ്ദാനം ചെയ്തതനുസരിച്ചു വയനാട് പുനരധിവാസത്തിന് 100 വീടുകൾ നിർമ്മിക്കാനായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിവൈഎഫ്ഐ (100 വീടുകൾ), നാഷണൽ സർവീസ് സ്‌കീം (10 കോടി) എന്നിവരുടെ വാഗ്ദാനങ്ങളും മുഖ്യമന്ത്രി സൂചിപ്പിച്ചു.

പരിപാടിയിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.  പട്ടികജാതി- പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, രജിസ്‌ട്രേഷൻ - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, ടി സിദ്ദിഖ് എംഎൽഎ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വിശിഷ്ടാതിഥികളായി.

വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷൽ ഓഫീസർ എസ് സുഹാസ് പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു,  റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നന്ദിയും പറഞ്ഞു.

Trending :
facebook twitter