ചിലിയിൽ വെള്ളിയാഴ്ച ചെമ്പ് ഖനിയിടിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചതായും അഞ്ച് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒമ്പത് ഖനി തൊഴിലാളികൾക്ക് പരുക്കേറ്റതായും ചിലിയുടെ നാഷണൽ കോപ്പർ കോർപ്പറേഷൻ (കോഡെൽകോ) പറഞ്ഞു. തലസ്ഥാനമായ സാന്‍റിയാഗോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഒ’ഹിഗ്ഗിൻസ് മേഖലയിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ചെമ്പ് നിക്ഷേപമുള്ള പ്രദേശത്തെ ഖനന പ്രവർത്തികൾ സർക്കാർ നിർത്തിവച്ചു. റഷ്യയിൽ ഉണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് ചിലിയിൽ നേരത്തെ സുനാമി മുന്നറിയിപ്പ് അടക്കം പ്രഖ്യാപിച്ചിരുന്നു. ഖനിയിടിഞ്ഞതും ഭൂകമ്പവുമായി ബന്ധപ്പെട്ട സീസ്മിക് ഇവന്‍റിന്‍റെ ഫലമായാണ് എന്നാണ് അധികൃതർ കരുതുന്നത്.
വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:34 ന് കോഡെൽകോയുടെ എൽ ടെനിയന്‍റ് ഖനി സ്ഥിതി ചെയ്യുന്ന മധ്യ ചിലി പ്രദേശത്ത് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരുന്നു. സ്വാഭാവികമായി സംഭവിച്ച ഭൂകമ്പമാണോ അതോ കോഡെൽകോയുടെ ഫ്ലാഗ്ഷിപ്പ് എൽ ടെനിയന്‍റ് ഖനിയിലെ ഖനന പ്രവർത്തനമാണോ ഭൂകമ്പത്തിന് കാരണമായതെന്നുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന അഞ്ച് പേർക്കും ജീവനുണ്ടോ എന്നറിയാനായിട്ടില്ല. വൻ തോതിലുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് ഖനിയുടെ ചുറ്റുഭാഗത്തെ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന മൂവായിരത്തോളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.