+

ട്രംപിന് മുന്നില്‍ മുട്ടിലിഴയാതെ ചൈന, പകരച്ചുങ്കം ചുമത്തിയ അമേരിക്കയ്ക്ക് എട്ടിന്റെ പണി തിരികെക്കൊടുത്തു

ലോകമെമ്പാടുമുള്ള വ്യാപാര മേഖല തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങാതെ ചൈന.

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള വ്യാപാര മേഖല തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങാതെ ചൈന. പകരച്ചുങ്കം ചുമത്തി ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരുതിയിലാക്കുമ്പോള്‍ അതേ രീതിയില്‍ തിരിച്ചടി നല്‍കുകയാണ് ചൈനയും.

ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതിക്ക് പിന്നാലെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനം തീരുവ ചുമത്തിയാണ് ചൈന മറുപടി നല്‍കിയത്.

ചൈനയുടെ വാണിജ്യ മന്ത്രാലയം 11 അമേരിക്കന്‍ കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതോടെ, ചൈനയിലോ ചൈനീസ് കമ്പനികളുമായോ ബിസിനസ്സ് ചെയ്യാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കില്ല.

ചൈനയില്‍ മാത്രം ഖനനം ചെയ്ത് പ്രോസസ്സ് ചെയ്യുന്ന ഏഴ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകള്‍ മുതല്‍ സ്മാര്‍ട്ട് ബോംബുകള്‍ വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന ഈ മൂലകങ്ങള്‍ നിയന്ത്രിച്ചാല്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകും.

അമേരിക്കന്‍ മെഡിക്കല്‍ ഇമേജിംഗ് ഉപകരണങ്ങളുടെ കയറ്റുമതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നതായും വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ നിന്നുള്ള ചിക്കന്‍ ഇറക്കുമതിയും, മറ്റൊരു കമ്പനിയില്‍ നിന്നുള്ള സോര്‍ഗം ഇറക്കുമതിയും നിര്‍ത്തലാക്കുമെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.

അമേരിക്കന്‍ കെമിക്കല്‍ ഭീമനായ ഡ്യൂപോണ്ടിന്റെ ചൈന ഡിവിഷന്‍ ചൈനയുടെ ആന്റിമോണോപൊളി നിയമം ലംഘിച്ചതായി സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കുമെന്നും ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ പ്രഖ്യാപിച്ചു.

വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ പല രാജ്യങ്ങളും അമേരിക്കയോട് കീഴടങ്ങുന്ന സമീപനമാണ് പുലര്‍ത്തിയത്. എന്നാല്‍, അമേരിക്കയുടെ കടുത്ത എതിരാളികളായ ചൈന വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. ചൈനീസ് കയറ്റുമതി മേഖലയ്ക്ക് ഇത് തിരിച്ചടിയാകുമെങ്കിലും അമേരിക്കന്‍ കയറ്റുമതിയെ ബാധിക്കുന്ന തീരുമാനമാണ് ചൈന കൈക്കൊണ്ടത്.

facebook twitter