ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ; പദ്ധതിയില്‍ സുതാര്യത ആവശ്യപ്പെടുമെന്ന് ഇന്ത്യ

08:34 AM Jan 04, 2025 | Suchithra Sivadas

ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പദ്ധതിയില്‍ ചൈനയില്‍ നിന്ന് സുതാര്യത  ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങള്‍ ഓര്‍മപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.  

ടിബറ്റില്‍ ബ്രഹ്‌മപുത്രക്ക് കുറുടെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുകയാണെന്ന് ചൈന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.  ത്രീ ഗോര്‍ജസ് അണക്കെട്ടിനേക്കാള്‍ വലുതായിരിക്കും പുതിയ അണക്കെട്ട്. നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കന്‍ഡ് മന്ദഗതിയിലാക്കാന്‍ സാധിക്കുന്നയത്ര വലുതായിരിക്കും അണക്കെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതേസമയം, പരിസ്ഥിതി ലോലമായ ഹിമാലയന്‍ മേഖലയിലാണ് അണക്കെട്ടെന്നതാണ് പ്രധാന ആശങ്ക.

പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ആഘാതം കൂടാതെ, ഉയര്‍ന്ന ഭൂകമ്പ മേഖലയായതിനാല്‍ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമാണ്. അതോടൊപ്പം പദ്ധതി ബ്രഹ്‌മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും പ്രതികൂലമായി ബാധിക്കും. നിര്‍ദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കും.