ജനീവ: ചൈനയുമായുള്ള താരിഫ് ചർച്ചയിൽ വൻ പുരോഗതിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘം നടത്തിയ 10 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ട്രംപ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. സ്വിറ്റ്സർലൻഡിൽ ചൈനയുമായുള്ള കൂടിക്കാഴ്ച വളരെ നല്ലതായിരുന്നു. ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു.
പലതും അംഗീകരിച്ചു. പൂർണമായി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യമാണ് സൗഹൃദവും ക്രിയാത്മകവുമായ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്. ചൈനക്കും യു.എസിനും നേട്ടമുണ്ടാകുന്നതും അമേരിക്കൻ ഉൽപന്നങ്ങൾക്കുവേണ്ടി ചൈനയുടെ വിപണി തുറന്നുനൽകുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. മികച്ച പുരോഗതി കൈവരിച്ചു! എന്നും ട്രംപ് കുറിച്ചു.
അതിനിടെ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും അടങ്ങുന്ന യു.എസ് പ്രതിനിധി സംഘവും വൈസ് പ്രീമിയർ ഹെ ലൈഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘവും തമ്മിലുള്ള താരിഫ് ചർച്ച ഞായറാഴ്ചയും തുടർന്നു. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് 145 ശതമാനം നികുതിയാണ് ചുമത്തിയത്. പകരം അമേരിക്കൻ ഉൽപന്നങ്ങൾക്ക് 125 ശതമാനം ചുങ്കം ചൈനയും പ്രഖ്യാപിച്ചിരുന്നു.