താഴെ ചൊവ്വ : നവീകരണം നടക്കുന്ന താഴെ ചൊവ്വ - മുണ്ടയാട് റോഡ് തകർന്നു തരിപ്പണമായി. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതിനാൽ ഇതിലൂടെയുള്ള ഇരുചക്ര വാഹന യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ വേനലിൽ വെട്ടിപ്പൊളിച്ചു നിരപ്പാക്കി ജെല്ലി യിടുകയായിരുന്നു. എന്നാൽ മഴ തുടങ്ങിയപ്പോൾ പ്രവൃത്തി നിലച്ചു.
ഇതോടെയാണ് റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടത്. കുഴികളിൽ നിറയുന്ന വെള്ളക്കെട്ട് കാരണം കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോകുമ്പോൾ വഴി യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. രാമായണ മാസാചാരണം 17 ന് തുടങ്ങാനിരിക്കെ നാലമ്പലങ്ങളിൽ ഉൾപ്പെട്ട എളയാവൂർ ഭരത ക്ഷേത്രത്തിൽ ഇതുവഴിയാണ് പോകേണ്ടത്. കാസർകോട് , കുടക് ജില്ലയിൽ നിന്നുൾപ്പെടെയുള്ള തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡാണിത്. എത്രയും പെട്ടെന്ന് റോഡിലെ കുഴികൾ നികത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.