+

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ

ഛത്തീസ്​ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകളുടെ തീരുമാനം. സിബിസിഐ പ്രസ്താവനയിറക്കും. രണ്ട് കന്യാസ്ത്രീകളും അം​ഗീകൃത സ്ഥാപനങ്ങളുടെ ഭാ​ഗമാണെന്ന് സിബിസിഐ വൃത്തങ്ങൾ വ്യക്തമാക്കി


ദുർ​ഗ്: ഛത്തീസ്​ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകളുടെ തീരുമാനം. സിബിസിഐ പ്രസ്താവനയിറക്കും. രണ്ട് കന്യാസ്ത്രീകളും അം​ഗീകൃത സ്ഥാപനങ്ങളുടെ ഭാ​ഗമാണെന്ന് സിബിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. തീർത്തും അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ച് ആവർത്തിച്ച് മേഖലയിൽ കന്യാസ്ത്രീകളെ ഉപദ്രവിക്കുകയാണെന്നും സിബിസിഐ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത അതൃപ്തി അറിയിക്കും. കേന്ദ്രസർക്കാറുമായടക്കം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു.

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

facebook twitter