കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി പറഞ്ഞു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വ്യക്തമാക്കി.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്കും അറിയാമായിരുന്നു. അതിക്രമം തടയാൻ പണം തരാമെന്ന് നടി പറഞ്ഞിരുന്നുവെന്നും പൾസർ സുനി വെളിപ്പെടുത്തി. നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു.
അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. അതിക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതെല്ലാം ആ സമയം വേറെ ചിലർക്കും അറിയാമായിരുന്നു.
എന്റെ പിറകിൽ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. പീഡന ദൃശ്യങ്ങൾ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബെെൽ ഫോൺ കെെവശം ഉണ്ട്. പക്ഷേ എവിടെയാണെന്ന് പറയില്ല. പറയാൻ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോൺ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി വ്യക്തമാക്കി.