പാലക്കാട്: ആദിവാസി യുവാവിനെ മുറിയിലടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി. പാലക്കാട് മുതലമടയിലാണ് സംഭവം. ആറ് ദിവസം യുവാവിനെ മുറിയില്‍ അടച്ചിട്ടിരുന്നു. മുതലമട ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ എന്ന ആദിവാസി യുവാവിനാണ് മര്‍ദനമേറ്റത്.
റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ റിസോര്‍ട്ട് ഉടമ വെള്ളയനെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ അടച്ചിടുകയായിരുന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരു പണിക്കാരന് പ്രദേശത്തെ ദളിത് നേതാവായ ശിവരാജനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശിവരാജന് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു.
ഇവര്‍ ഒരു സംഘം സ്ത്രീകളുമായി റിസോര്‍ട്ടിലെത്തി. യുവാവിനെ തിരഞ്ഞെത്തിയ സംഘത്തെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയതായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത് വകവെയ്ക്കാതെ ഇവര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂത്രമാെഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ചവിട്ടിയതായും ഒരു നേരം മാത്രം ഭക്ഷണം നല്‍കിയതായും യുവാവ് പറഞ്ഞതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.