
പാലക്കാട്: വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്നു യുവാക്കള്‍ അറസ്റ്റില്‍. തൃക്ക്ടീരി ആറ്റശേരി പടിഞ്ഞാറേക്കര വീട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്ക്ടീരി കോടിയില്‍ മുഹമ്മദ് ഫവാസ് (21) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
അനങ്ങനടി പാവുക്കോണം സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഫാസിലിനു വേണ്ടി പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിന്റെ വൈരാഗ്യത്തിലാണ് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം വീട് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത നിലയിലാണ്.വീടിന്റെ ജനല്‍ ചില്ലുകളും തര്‍ത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.