വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ തരൂരിന് കോണ്‍ഗ്രസിന്റെ അനുമതി

09:01 AM May 18, 2025 | Suchithra Sivadas

കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിര്‍ദേശിച്ച പേരുകള്‍ ഇല്ലാത്തതില്‍ കോണ്‍ഗ്രസിന് അതൃപ്തി. കോണ്‍ഗ്രസ് കൈമാറിയ പട്ടികയിലെ ഒരു പേര് മാത്രം ഉള്‍പ്പെടുത്തിയത് കേന്ദ്രത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയെയാണ് കാണിക്കുന്നതെന്ന് ജയറാം രമേശ് പ്രതികരിച്ചു. അതേസമയം സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്നും ജയറാം രമേശ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്.

'മെയ് 16 നാണ് കേന്ദ്രം സംഘത്തിലേക്ക് നാല് പ്രതിനിധികളുടെ പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടത്. അര്‍ധരാത്രിയോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് പേരുകള്‍ കൈമാറുകയും ചെയ്തു. മെയ് 17 നാണ് കേന്ദ്രം പ്രതിനിധി സംഘത്തിന്റെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്. ഖേദകരമെന്ന് പറയട്ടെ കോണ്‍ഗ്രസ് നിര്‍ദേശിച്ച നാല് പേരില്‍ ഒരു പേര് മാത്രമാണ് കേന്ദ്രം ഉള്‍ക്കൊള്ളിച്ചത്. കേന്ദ്രത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയും ഗൗരവമായ ദേശീയ പ്രശ്നങ്ങളില്‍ വൃത്തികെട്ട രാഷ്ട്രീയം കേന്ദ്രം കളിക്കുന്നതുമാണ് ഇത് വെളിവാക്കുന്നത്. കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ള നാല് പേരും സംഘത്തിനൊപ്പം പോവുകയും അവരുടേതായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും.


പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ദയനീയമായ നിലയിലേക്ക് കോണ്‍ഗ്രസ് താഴില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും, ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കില്ല. കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു', ജയറാം രമേശ് അറിയിച്ചു.
തരൂരിന്റെ പേര് കോണ്‍ഗ്രസ് കൈമാറിയ പട്ടികയിലുണ്ടായിരുന്നില്ല. ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. അതേസമയം പ്രതിനിധി സംഘത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനോട് ശശിതരൂര്‍ നന്ദി രേഖപ്പെടുത്തി. സര്‍വ്വകക്ഷി സംഘത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുണ്ടെന്ന് തരൂര്‍ എക്സിലൂടെ വ്യക്തമാക്കി